ലാഹോർ: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാർ ഇപ്പോഴും പാകിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന വിമർശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ലാഹോറിൽ നടന്ന ഫായിസ് ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
താങ്കൾ നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ, പാകിസ്ഥാനിലെ ജനങ്ങൾ നല്ലവരാണെന്നും അവർ ബോംബിടുന്നവർ മാത്രമല്ലെന്നും പൂമാല അണിയിച്ച് സ്വാഗതം ചെയ്യുന്നവരാണെന്നും പറയുമോ? എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
“നാം പരസ്പരം പഴിച്ചിട്ട് കാര്യമില്ല. അതൊരിക്കലും പ്രശ്നങ്ങൾ പരിഹരിക്കില്ല. എന്തായാലും അന്തരീക്ഷം പ്രക്ഷുബ്ധമാണ്. ഞങ്ങൾ മുംബൈയിൽ നിന്നാണ്. എങ്ങനെയാണ് മുംബൈ ആക്രമിക്കപ്പെട്ടതെന്ന് നാം കണ്ടതാണ്. ആക്രമണകാരികൾ ഈജിപ്തിൽ നിന്നോ നോർവേയിൽ നിന്നോ അല്ല. അവർ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നു,” അക്തർ പറഞ്ഞു.