മനാമ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച ആളുകൾക്ക് ബഹ്റൈനിനിൽ നിന്നുള്ള ആദ്യ ഘട്ട ദുരിതാശ്വാസ സഹായങ്ങൾ കൈമാറി. ദുരിതമനുഭവിക്കുന്നവർക്കുള്ള അവശ്യ വസ്തുക്കളാണ് ഇതിലുള്ളത്. യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ഭൂകമ്പ ദുരിതാശ്വാസ ദേശീയ സമിതി അധ്യക്ഷനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിലാണ് സഹായം കൈമാറിയത്.
റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലാണ് സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നത്. ഒരു മില്യൺ ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തിൽ കൈമാറിയിരുന്നത്. റോയൽ ഹ്യുമാനിട്രിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദിന്റെ നേതൃത്വത്തിലുള്ള സംഘവും 40 ടൺ ഭാരമുള്ള സാധന സാമഗ്രികൾ എത്തിച്ചു. ശൈഖ് നാസറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈൻ പ്രതിരോധ സേന എന്നിവയുടെ സഹകരണത്തോടെയാണ് അടിയന്തരവും അടിസ്ഥാനപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങിയ കയറ്റുമതി തയ്യാറാക്കിയത്.
ഭൂകമ്പത്തെത്തുടർന്ന് ഇരു രാജ്യത്തേക്കും അടിയന്തര ദുരിതാശ്വാസ സഹായം അയയ്ക്കാനുള്ള രാജാവിന്റെ നിർദ്ദേശം പ്രശംസനീയമാണെന്ന് ബഹ്റൈനിലെ തുർക്കി അംബാസഡർ എസിൻ കാക്കിൽ പറഞ്ഞു.