മനാമ: അതിശക്തമായ ഭൂചലനം നാശം വിതച്ച തുർക്കിയിലെയും സിറിയയിലെയും ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ ബഹ്റൈന്‍ ഐ.സി.എഫിന്റെ സാന്ത്വന സ്പർശം. കുറഞ്ഞ മണിക്കൂറിനുള്ളില്‍ ഐ.സി.എഫ് സെന്‍ട്രല്‍ കമ്മറ്റികളിലൂടെ സമാഹരിച്ച പുതു വസ്ത്രങ്ങള്‍, പുതപ്പുകള്‍, ഭക്ഷണ സാധനങ്ങള്‍, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ ഐറ്റം തിരിച്ച് നിരവധി കാർട്ടൂണുകളിൽ ആക്കി തുര്‍ക്കി എംബസിയിലേയും സിറിയന്‍ എംബസിയിലേയും അധികൃതര്‍ക്ക് കൈമാറി.
സിറിയന്‍ അംബാസഡര്‍ ഹിസ് എക്സലന്‍സി മുഹമ്മദ് ഇബ്രാഹീം, തുര്‍ക്കി അംബാസഡര്‍ ഹെര്‍ എക്സലന്‍സി എസില്‍ കേകല് എന്നിവരെ നേരില്‍ കണ്ട് ഐ.സി.എഫിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചു. കേരള ജനത ദുരിത ബാധിതരോട് കാണിക്കുന്ന കരുതലിനും സ്നേഹത്തിനും അവര്‍ പ്രത്യേകം നന്ദി അറിയിച്ചു.
വിഭവ സമാഹരണത്തിന് പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ സന്തോഷത്തോടെ എത്രയും നല്കാന് കച്ചവടക്കാരും സാധാരണക്കാരും സുമനസ്സോടെ മുന്നോട്ടുവന്നപ്പോള്‍ വലിയ തോതില്‍ സാധനങ്ങള്‍ എംബസികളില്‍ എത്തിക്കാന്‍ ഐ.സി.എഫിന് സാധിച്ചു. ഐ.സി.എഫ് നാഷണല്‍ നേതാക്കളായ അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം, നിസാര്‍ എടപ്പാള്‍, നൗഫല്‍ മയ്യേരി, കെ.പി. മുസ്ഥഫ ഹാജി, സാന്ത്വനം വളണ്ടിയര്‍മാരായ സാഹിര്‍ കണ്ണൂര്‍, അസീസ് കാസര്‍ഗോഡ്, മുസ്തഫ വടകര, സാദിഖ് കണ്ണൂർ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പരിപാടിയില്‍ സന്നിഹിതരായി.