മനാമ: ബഹറിനിൽ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതനായ മലപ്പുറം മൊറയൂർ സ്വദേശിയും ബഹ്റൈൻ ബാസ് കമ്പനി ജീവനക്കാരനുമായ സുധീർ കുമാറിന്റെ കുടുംബത്തിന് ഭാവി സംരക്ഷണത്തിന് സഹായം ചെയ്യുവാൻ ബഹ്റൈൻ പ്രതിഭ മുന്നോട്ടു വന്നു . ഇതിനായി ബഹ്റൈൻ പ്രതിഭ ഉമ്മൽഹസം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ. വി. അശോകൻ ചെയർമാനും ഡി. സലിം ജനറൽ കൺവീനറും വർഗീസ് ജോർജ് ട്രഷററും ആയ വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . സുധീറിന്റെ ഭൗതിക ശരീരം കഴിഞ്ഞ ബുധനാഴ്ച നാട്ടിൽ എത്തിച്ചു സംസ്കാരം നടത്തിയിരുന്നു.
കഴിഞ്ഞ പതിനഞ്ചു വർഷമായി ബഹ്റൈൻ പ്രവാസിയായി ജോലി ചെയ്യുന്ന സുധീർ മാതൃകാപരമായി സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു . കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്റൈൻ പ്രതിഭ ഉമ്മുൽ ഹസം യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രവർത്തനത്തിന് രക്ഷാധികാരി സമിതി അംഗം എന്ന നിലയിൽ മികച്ച പിന്തുണ നൽകികൊണ്ട് പ്രവർത്തിക്കുമ്പോൾ ആണ് ആകസ്മികമായി മരണപ്പെടുന്നത്, വിദ്യാഭ്യാസം നടത്തുന്ന മൂന്ന് പെൺകുട്ടികളുടെ പിതാവാണ് സുധീർ. ഭാര്യ രജീഷ, അനീന (ആയുർവേദ ബിരുദ വിദ്യാർത്ഥി) അർച്ചന ( പത്താം ക്ലാസ്സ് വിദ്യാർത്ഥി) അരുന്ധതി ( നാലാം ക്ലാസ് വിദ്യാർത്ഥി ) എന്നിവർ മക്കളാണ്. അച്ഛൻ കുമാരൻ, അമ്മ ശകുന്തള.
സുധീറിന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തെ സംരക്ഷിക്കുന്നതിനും മക്കളുടെ തുടർ പഠനം തടസ്സമില്ലാതെ തുടരുന്നതിനുമുള്ള എല്ലാ സഹായവും ബഹ്റൈൻ പ്രതിഭ നൽകുമെന്ന് ബഹ്റൈൻ പ്രതിഭ ഉമ്മൽഹസ്സം യൂണിറ്റ് പ്രസിഡന്റ് എ സുരേഷ് സെക്രട്ടറി സജീവൻ. എം എന്നിവർ അറിയിച്ചു.
ഇതിലേക്ക് ബഹ്റൈൻ പ്രതിഭ ഉമ്മൽഹസ്സം യൂണിറ്റിലെ എല്ലാ അംഗങ്ങളും കുറഞ്ഞത് ഒരു ദിവസ വേതനം നൽകും . അതിനു മുകളിൽ സംഭാവന ചെയ്യാൻ കഴിയുന്നവർ അത് നൽകുകയും സുഹൃത്തുക്കളിൽ നിന്നും ഉദാരമതികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 39291940 , 36932513 39125889 , 33155041 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു .