
മനാമ: ബഹ്റൈനിലെ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കംചെയ്യാനൊരുങ്ങുന്നു. പൊതു ശുചിത്വ നിയമപ്രകാരമായാണ് നടപടി. നോർതേൺ മുനിസിപ്പാലിറ്റിയാണ് ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നത്. സൽമാബാദ് പ്രദേശത്ത് പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ച കാറുകൾ ഉടൻതന്നെ നീക്കം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ഉടമകളോട് ആവശ്യപ്പെട്ടു. ഈമാസം ആദ്യമാണ് ഇതിനുള്ള കാമ്പയിൻ മുനിസിപ്പാലിറ്റി ആരംഭിച്ചത്. പരിശോധനയിൽ 450ഓളം കാറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇത്തരം കാറുകളിൽ മുന്നറിയിപ്പ് നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. പൊതുറോഡ് മരാമത്ത് നിയമവും പൊതു ശുചിത്വ നിയമവും നടപ്പിലാക്കുന്നതിനായി നിയമപരമായ കാലാവധിക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ വാഹനങ്ങൾക്കാണ് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ ഉടമകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ മുനിസിപ്പാലിറ്റി തന്നെ കാറുകൾ നീക്കം ചെയ്ത് തുടർ നടപടികളെടുക്കും. ഇത്തരം വാഹനങ്ങൾ, പ്രത്യേകിച്ച് കാറുകൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് ഗതാഗത തടസ്സത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

