മനാമ: ബഹറിൻ ഡിഫൻസ് ഫോഴ്സ് ആശുപത്രിയിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ലെഫ്റ്റനന്റ് കമാൻഡർ ഷെയ്ഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ചേർന്നാണ് ബിഡിഎഫ് ഹോസ്പിറ്റലിന്റെ റോയൽ മെഡിക്കൽ സർവീസസ് ക്ലിനിക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ആർഎംഎസ് ക്ലിനിക്കുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി സ്മാരക ഫലകം അനാച്ഛാദനം ചെയ്തു. ആർഎംഎസ് കമാൻഡർ മേജർ ജനറൽ പ്രൊഫസർ ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ സുവനീർ സമ്മാനിച്ചു. നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
51,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ബിഡിഎഫിന്റെ രൂപവൽക്കരണത്തിന്റെ 55 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആറു നിലകളുള്ള പുതിയ കെട്ടിടത്തിൽ 14 കൺസൾട്ടേഷൻ ക്ലിനിക്കുകൾ, പ്രാഥമിക ആരോഗ്യ സേവന ക്ലിനിക്കുകൾ, ബനൂൺ എആർടി, സൈറ്റോജെനെറ്റിക്സ് സെന്റർ ഫോർ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി, 265 കൺസൾട്ടേഷൻ മുറികൾ, മൂന്നു ഫാർമസികൾ, 8 സാമ്പിൾ ശേഖരണ മുറികൾ, നിരവധി എക്സ്-റേ മുറികൾ എന്നിവയാണ് ഉള്ളത്.