ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള നൂറിലധികം ജനപ്രതിനിധികൾ കൂടെയുണ്ടെന്ന് മുസ്ലിം ലീഗ്. പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും മുസ്ലീം ലീഗിന്റെ മന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറാണ് കേരളത്തിൽ സംസ്കൃത സർവകലാശാല ആരംഭിച്ചതെന്നും മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. മതചിഹ്നങ്ങൾ പതാകകളിലും പേരുകളിലും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിലാണ് ലീഗ് സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ലീഗിന്റെ മതേതര പ്രവർത്തനങ്ങൾ വിശദീകരിക്കുന്നത്. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടയിൽ മുസ്ലിം സമുദായങ്ങളിൽ നിന്നല്ലാത്ത നിരവധി പേരെ തിരഞ്ഞെടുപ്പുകളിൽ ലീഗ് മത്സരിപ്പിച്ചിട്ടുണ്ട്. എം.ചടയനും കെ.പി.രാമനും പാർട്ടി ചിഹ്നത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരാണ്. യു സി രാമൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.
ഐക്യമാണ് ശക്തിയെന്നാണ് മുസ്ലിം ലീഗിന്റെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. 1992ൽ ബാബറി മസ്ജിദ് തകർത്തതിന് ശേഷം കലാപ പ്രക്ഷുബ്ധമായ നാളുകളിലും കേരളം സമാധാനപരമായിരുന്നു. അന്ന് സമാധാനം ഉറപ്പാക്കാൻ മുൻകൈയെടുത്തത് പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മതസൗഹാർദ്ദം ഉറപ്പാക്കാൻ സാദിഖ് അലി തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.