തിരൂര്: വിധി കേട്ട് കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്സോ കേസ് പ്രതി. കോട്ടയ്ക്കൽ ആട്ടീരി സ്വദേശി അബ്ദുൾ ജബ്ബാർ (27) ആണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് കോടതി 18 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.
2014ൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോട്ടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോട്ടയ്ക്കൽ പോലീസ് പ്രതിയെ തിരൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയിൽ ഹാജരാക്കിയത്. വിവിധ വകുപ്പുകൾ പ്രകാരം ജസ്റ്റിസ് സി ആർ ദിനേശ് പ്രതിക്ക് 18 വർഷം കഠിന തടവും 65,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 20 മാസം കഠിനതടവും അനുഭവിക്കണം. ജഡ്ജി വിധി പ്രസ്താവിച്ചയുടൻ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കോടതി പരിസരത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും സമീപത്തെ പഴയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ചുമരിൽ തലയിടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസ് പിടികൂടി തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനു തിരൂർ പോലീസ് കേസെടുത്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ആയിഷ പി.ജമാൽ, അശ്വനികുമാർ എന്നിവർ ഹാജരായി.