കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എം ശിവശങ്കറിന് ഇ ഡി നോട്ടീസ് നൽകി. ചൊവ്വാഴ്ച കൊച്ചിയിൽ എത്തിച്ചേരാനാണ് നിർദേശം. ജനുവരി 31ന് വിരമിക്കുന്നതിനാൽ ദിവസം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ച സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചെന്നും ഈ കള്ളപ്പണമാണ് സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയതെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായരെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലും സി.ബി.ഐ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം നിശ്ചലമായിരിക്കുകയാണ്.