കൊല്ലം: ചവറയിൽ 21 കാരന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ബന്ധുക്കൾ. ചവറ സ്വദേശി അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ പിറ്റേന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റിന്റെ മകളെ ശല്യം ചെയ്തുവെന്ന പരാതിയിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അശ്വന്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് അശ്വന്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ചവറ എം.എൽ.എ സുജിത് വിജയൻ പിള്ള ബന്ധുക്കളുമായി സംസാരിക്കുകയും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് മൃതദേഹം സംസ്കാരത്തിനായി സ്റ്റേഷനിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു.