തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിശക്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റായിയാണ് രേഖപ്പെടുത്തിയിരുന്നത്. കേരള സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായിരുന്ന പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായത്തിൽ തന്നെ വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് എഴുതിയിരുന്നത്.
ചങ്ങമ്പുഴയുടെ വാഴക്കുല മലയാളത്തിലെ എക്കാലത്തെയും മികച്ചതും ജനപ്രിയവുമായ കവിതകളിലൊന്നാണ്. ജന്മി ഭരണത്തിനെതിരായ ശക്തമായ വിമർശനമായും ഈ കവിത കണക്കാക്കപ്പെടുന്നു. ഇടതുപക്ഷ ചിന്തയുടെ സമരഗാനങ്ങളിലൊന്നായും അതു മാറിയിരുന്നു. ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു സാഹിത്യ കൃതിയാണിത്. നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.
2021ൽ ചിന്ത ജെറോം ഡോക്ടറേറ്റ് നേടി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രത്യയശാസ്ത്രങ്ങളും രൂപപ്പെടുത്തിയ ജാതിരഹിത സമൂഹം എന്ന കാഴ്ചപ്പാടിൽ പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകൾ വെള്ളം ചേർക്കുന്നുവെന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം. സർവകലാശാലയിലെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണ ബിരുദം നൽകുന്നതിനു മുമ്പ് തെറ്റ് തിരിച്ചറിഞ്ഞില്ല. ഇങ്ങനെയൊരു കാര്യം ഓർമ്മയില്ലെന്നും പരിശോധിക്കാമെന്നും ചിന്ത ജെറോം പറഞ്ഞു.