കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ക്ലാപ്പന സ്വദേശിയായ പതിനാറുകാരനാണ് ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർത്ഥി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അടിപിടി കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് 16കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷമായിരുന്നു വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം. 23ന് വൈകിട്ടാണ് സംഭവങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ 23ന് ചികിത്സയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാല് പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചതായി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചതായി വിദ്യാർത്ഥി ആരോപിച്ചു.
അതേസമയം ആരോപണം ഓച്ചിറ പൊലീസ് നിഷേധിച്ചു. വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കള്ളമാണെന്നും ഓച്ചിറ പൊലീസ് പറഞ്ഞു. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയാണുണ്ടായത്. ഒരു വിഭാഗം ഏകപക്ഷീയമായി ആക്രമണം നടത്തുകയായിരുന്നില്ല. സംഘർഷത്തിന് ശേഷം ഇരുവിഭാഗവും പരാതി നൽകിയെന്നും പൊലീസ് പറഞ്ഞു.