ആലപ്പുഴ: ആലപ്പുഴയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടക്കുന്ന ഈ സാഹചര്യത്തിൽ നാം ഭരണഘടനയുടെ കാവലാളായി മാറണം. ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ കൃഷ്ണ തേജ, എസ്.പി ചൈത്ര തെരേസ ജോൺ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ സേനകളുടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ മലയാളത്തിലാണ് റിപ്പബ്ലിക് ദിനാശംസകൾ നേർന്നത്. പിണറായി സർക്കാരിൻ്റെ നേട്ടങ്ങളെയും ഗവർണർ പ്രശംസിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്പീക്കർ എ എം ഷംസീർ നിയമസഭയിൽ പതാക ഉയർത്തി. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ.ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.ജി.പി അനിൽ കാന്ത് ദേശീയ പതാക ഉയർത്തി. തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ റെയിൽവേ മാനേജർ ആർ മുകുന്ദ് പതാക ഉയർത്തി.