ആലുവ: ഇലന്തൂർ നരബലി കേസിൽ ആലുവ റൂറൽ പൊലീസ് രണ്ടാം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ സമർപ്പിച്ചതെന്ന് റൂറൽ എസ്.പി വിവേക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി. ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (52) കേസിലെ മുഖ്യ സൂത്രധാരൻ. രണ്ടാം പ്രതി ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിങ് (67), ഭാര്യ ലൈല (58) എന്നിവരുടെ പത്തനംതിട്ടയിലുള്ള വീട്ടിലാണ് റോസിലിനെ കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പുറമേ കൂട്ടബലാത്സംഗം, കൊലപാതക ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോട് അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്.