തിരുവനന്തപുരം: ഗവർണറെ മറികടന്ന് മലയാളം സർവകലാശാല വി.സിയെ നിയമിക്കാനുള്ള നടപടികളുമായി സർക്കാർ. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവകലാശാല നിയമ ഭേദഗതി പ്രകാരം വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.
രാജ്ഭവൻ പ്രതിനിധിയെ സമിതിയിലേക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയിട്ടുണ്ട്. ഗവർണറുടെ പ്രതിനിധിയെ കൂടാതെ സർക്കാർ, യുജിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, സിൻഡിക്കേറ്റ് പ്രതിനിധികളും സെർച്ച് കമ്മിറ്റിയിലുണ്ടാകും എന്ന് സർക്കാർ അറിയിച്ചു.
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. എന്നാൽ ബില്ലിനു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. സർക്കാരിൻ്റെ ആവശ്യം ഗവർണർ തള്ളിക്കളയുമെന്ന് ഉറപ്പാണ്.