പാലക്കാട്: ജനവാസ മേഖലയിലിറങ്ങുന്ന പി ടി സെവനെ പിടികൂടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിടികൂടാൻ അഞ്ച് ദൗത്യ സംഘങ്ങളായി തിരിക്കും. ഇന്ന് വൈകിട്ട് തന്നെ ട്രയൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മയക്ക് വെടി നൽകിക്കഴിഞ്ഞാൽ ആന ഓടാൻ സാദ്ധ്യതയുള്ളതിനാൽ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടായിരിക്കും മയക്കുവെടി വയ്ക്കുക. പിടിക്കുന്ന കൊമ്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയ്യാറാണ്. എത്ര പ്രാവശ്യം ആന ഇടിച്ചാലും ഒടിയില്ല എന്നതാണ് യൂക്കാലി തടി കൊണ്ടുള്ള കൂട് തിരഞ്ഞെടുക്കാനുള്ള കാരണം.
നാളെ തന്നെ മയക്കുവെടി വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.അരുൺ സഖറിയ പറഞ്ഞു. രാവിലെ ദൗത്യ സംഘം യോഗം കൂടിയിരുന്നു. പാലക്കാട് ഡി.എഫ്.ഒ, ഏകോപന ചുമതലയുള്ള എ.സി.എഫ്, വെറ്റിനറി സർജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പി ടി സെവനെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സ് വയനാട്ടിൽ നിന്നാണ് ധോണിയിലെ ക്യാമ്പിലെത്തിയത്. മൂന്നാമത്തെ കുങ്കി ആനയും എത്തിയിട്ടുണ്ട്. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ദൗത്യത്തിനായി ധോണി ക്യാമ്പിലേക്ക് അയച്ചിട്ടുണ്ട്.