തൃശ്ശൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ. ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമുണ്ടായി. തൃശൂർ എം.ജി റോഡിലുള്ള ബുഹാരീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചിരുന്നു. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പൂട്ടിച്ച ഹോട്ടൽ പോരായ്മകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശവും നല്കിയത്.
എന്നാൽ ഇന്നലെ ഹോട്ടൽ തുറന്ന് അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു. വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാടകീയ രംഗങ്ങൾ അരങ്ങേറി. പൊലീസ് അകമ്പടിയിൽ എത്തിയിട്ടും ഉദ്യോഗസ്ഥയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥയെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോഗസ്ഥ പരാതി നൽകാത്തതിനാലാണ് കേസ് എടുക്കാത്തത് എന്നാണ് വിവരം. അതേസമയം ഭീഷണി വകവയ്ക്കാതെ ഉദ്യോഗസ്ഥ വീണ്ടും ഹോട്ടൽ അടപ്പിച്ചു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ രേഖ മോഹൻ പറഞ്ഞു.