തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ തോന്നയ്ക്കലിലെ നാലാം കാമ്പസില്‍ മിനി ടൗണ്‍ഷിപ്പിനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഒരേ കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സംയോജിതമായ മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണിത്.
ഏകദേശം 30 ഏക്കറിൽ 1,600 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി 5.5 ഏക്കറിൽ 8.50 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ ഐടി ഓഫീസ് കെട്ടിടം നിർമിക്കും. ടെക്നോപാർക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ വായ്പയെടുത്തോ പൂർണ്ണമായും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിന് നൽകും. 6000 ഐ.ടി. വിദഗ്ധരെ ഉൾക്കൊള്ളാനുള്ള ശേഷിയും കെട്ടിടത്തിനുണ്ടാകും.