ഹൈദരാബാദ്: കേരളവും കേരളജനതയും കെസിആറിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ അഭിനന്ദിച്ചുകൊണ്ടാണ് പിണറായി വിജയൻ സംസാരിച്ചത്. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനും സമാന ചിന്താഗതിക്കാരായ സംസ്ഥാന മുഖ്യമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.
തെലങ്കാനയിലെ ഭൂസമരങ്ങളെ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം. “ഇപ്പോൾ അധികാരത്തിലിരിക്കുന്നവർക്ക് ഇന്ത്യ എങ്ങനെ കെട്ടിപ്പടുത്തുവെന്ന് അറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അവർ ഉണ്ടായിരുന്നില്ല. നമ്മുടേത് ഒരു സ്വതന്ത്ര മതേതര പരമാധികാര റിപ്പബ്ലിക്കാണ്. അധികാരത്തിലിരിക്കുന്നവർ ഇപ്പോൾ കോർപ്പറേറ്റ് പ്രീണനത്തിനു ശ്രമിക്കുകയാണ്. രാജ്യത്ത് അധികാര സ്ഥാനത്തിരിക്കുന്നവർ ഇപ്പോൾ സിഎഎ പോലുള്ള നിയമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നു, അത് ആളുകളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നുവെന്നും” അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.