ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥ് സായിക്കെതിരെ കേസെടുത്ത് പോലീസ്. മഹീന്ദ്ര സർവകലാശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭഗീരഥ് സായിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി നേതാവിന്റെ മകൻ സഹപാഠിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടർന്നാണ് സർവകലാശാല അധികൃതർ പരാതി നൽകിയത്.
ശ്രീറാം എന്ന വിദ്യാർത്ഥിയെ ഭഗീരഥ് സായിയും മറ്റ് ചില വിദ്യാർത്ഥികളും ചേർന്ന് ഹോസ്റ്റലിൽ വച്ച് മർദ്ദിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീറാമിനെ മുഖത്തടിക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, സുഹൃത്തിന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയതിനാണ് ശ്രീറാമിനെ മർദ്ദിച്ചതെന്ന് ഭഗീരഥ് സായി പറഞ്ഞു. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും എല്ലാ പ്രശ്നങ്ങളും പിന്നീട് പരിഹരിച്ചുവെന്നും ഭഗീരഥ് പറഞ്ഞു.
വീഡിയോ വൈറലായതിനു പിന്നാലെ ശ്രീറാമിന്റെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാലാണ് ഭഗീരഥൻ തന്നെ മർദ്ദിച്ചതെന്ന് ശ്രീറാം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ഭഗീരഥന്റെ സുഹൃത്തിന്റെ സഹോദരിക്ക് ഞാൻ മോശം സന്ദേശം അയച്ചിരുന്നു. ഭഗീരഥൻ ഈ വിഷയം ചർച്ച ചെയ്യാൻ എന്റെയടുത്ത് വന്നു. എന്നാൽ താൻ ഭഗീരഥനോടും മോശമായി പെരുമാറി. അതുകൊണ്ടാണ് അവർ തന്നെ മർദ്ദിച്ചതെന്നും ശ്രീറാം പറഞ്ഞു.