ആലപ്പുഴ: നഗരസഭയിലെ സി.പി.എം കൗൺസിലർ ഷാനവാസിന്റെ ലഹരി-ക്വട്ടേഷൻ ബന്ധങ്ങൾ വ്യക്തമാക്കി പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ പിന്തുണയോടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.എം കൗൺസിലറുടെ ലോറിയിൽ നിന്ന് ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടിയത് വൻ വിവാദമായതോടെയാണ് എ.ഷാനവാസിനെതിരെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്.
ഇന്റലിജൻസ് എഡിജിപി മുഖേന ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നൽകിയ റിപ്പോർട്ടിൽ ഗുരുതര കാര്യങ്ങളാണ് പറയുന്നത്. നിരവധി അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി ഷാനവാസ് ഓഹരികൾ കൈപ്പറ്റിയിട്ടുണ്ട്. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഷാരോണിനെ ആലപ്പുഴയിൽ താമസിപ്പിക്കുന്നു. കരുനാഗപ്പള്ളി ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഇജാസ് ഷാനവാസിന്റെ ബിനാമിയാണ്. ഷാനവാസിന്റെ ജന്മദിനാഘോഷം നടന്ന കാബിനറ്റ് സ്പോർട്സ് സിറ്റിയും ചായക്കടയും നടത്തുന്നത് ഇജാസ് ഉൾപ്പെടെയുള്ള എട്ട് പേരാണ്. ബിനാമികളെ ഉപയോഗിച്ചാണ് ഇയാൾ ഇടപാടുകൾ നടത്തുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്, ഇതിനെല്ലാം രാഷ്ട്രീയ പിന്തുണ ഉപയോഗിക്കുന്നു. ഷാനവാസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പരാതി നൽകിയത് പാർട്ടിക്കുള്ളിലെ തന്നെ അസംതൃപ്തരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാദത്തെ തുടർന്ന് ഷാനവാസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത സിപിഎം ഇക്കാര്യം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചിരിക്കുകയാണ്. കമ്മിഷനെ നിയമിച്ച് മണിക്കൂറുകൾക്കകം ലഹരി കടത്ത് കേസിൽ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ പരസ്യമായി പ്രഖ്യാപിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.