കാസര്‍കോട്: പാലാ നഗരസഭാ ചെയർമാൻ തർക്കത്തിൽ തന്ത്രപരമായ നിലപാടുമായി കേരളാ കോൺഗ്രസ് നേതൃത്വം. ചെയർമാൻ തർക്കത്തിൽ സി.പി.എമ്മിന് തീരുമാനമെടുക്കാം. പാലായിലേത് പ്രാദേശികമായ കാര്യമാണെന്നും കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സി.പി.എം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. ബിനു പുളിക്കകണ്ടത്തെ സി.പി.എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണയ്ക്കും. മുന്നണി ധാരണകൾ പൂർണമായും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലാ നഗരസഭാ ചെയർമാൻ തർക്കത്തിൽ നഗരസഭാ കൗൺസിലിലെ പഴയ കയ്യാങ്കളി ആയുധമാക്കി കേരള കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. 2021ൽ കൗൺസിൽ യോഗത്തിനിടെ കേരള കോൺഗ്രസ് കൗൺസിലറെ ബിനു മർദ്ദിക്കുന്ന വീഡിയോ ആണ് വീണ്ടും പ്രചരിക്കുന്നത്. സഹപ്രവർത്തകനെ ആക്രമിച്ചയാളെ ചെയർമാനാക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് (എം) പ്രവർത്തകർ.
മൂന്ന് വർഷം മുമ്പ് പാലാ നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ അടിയുടെ പേരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സി.പി.എം കൗൺസിലറെ ചെയർമാനാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയാണ് കേരള കോൺഗ്രസ് (എം). സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുക മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് മാണി ഗ്രൂപ്പിന്റെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനു പുളിക്കകണ്ടത്തെ ചെയർമാനാക്കാനുള്ള സി.പി.എം തീരുമാനത്തെ കേരള കോൺഗ്രസ് എതിർക്കുന്നത്.