മനാമ: സിഗരറ്റ് ഉൽപന്നങ്ങൾ വ്യാജനാണോ ഒറിജിനലാണോ എന്ന് തിരിച്ചറിയുന്നതിന് നാഷനൽ ബ്യൂറോ ഫോർ റവന്യൂ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആപ് ഉപയോഗിച്ച് സിഗരറ്റ് കവറിലെ ഡിജിറ്റൽ സ്റ്റാമ്പിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഉൽപന്നം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. എല്ലാ സിഗരറ്റ് ഉൽപന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് നിർബന്ധമാക്കുന്ന പദ്ധതി സമ്പൂർണമായി നടപ്പാക്കിയതിന് പിന്നാലെയാണ് ‘എൻ.ബി.ആർ ഡിജിറ്റൽ സ്റ്റാമ്പ്’ എന്ന മൊബൈൽ ആപ് പുറത്തിറക്കിയത്. ഉൽപന്നം ആധികാരികമാണെന്നും നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും.
എക്സൈസ് തീരുവയുള്ള ഉൽപന്നങ്ങളുടെ ഉൽപാദന ഘട്ടം മുതൽ ഉപഭോഗം വരെ നിരീക്ഷിക്കുക എന്നതാണ് ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കാനിങ്ങിൽ ഉൽപന്നം വ്യാജമാണെന്ന് വ്യക്തമായാലോ ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലെങ്കിലോ എൻ.ബി.ആറിനെ വിവരമറിയിക്കണം. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.
മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ, എൻ.ബി.ആറിന്റെ വെബ്സൈറ്റ് (www.nbr.gov.bh) എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പ്രാദേശിക വിപണിയിൽ ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാതെ സിഗരറ്റ് ഉൽപന്നങ്ങൾ കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും 2022 ഒക്ടോബർ 16 മുതൽ നിയമവിരുദ്ധമാണ്.
രജിസ്റ്റർ ചെയ്ത ഇറക്കുമതിക്കാർക്കും പ്രാദേശിക നിർമ്മാതാക്കൾക്കും ഡിജിറ്റൽ സ്റ്റാമ്പുകൾ വാങ്ങുന്നതിനുള്ള അപേക്ഷകൾ സിസ്റ്റം വഴി സമർപ്പിക്കാൻ സാധിക്കും. ഡിജിറ്റൽ സ്റ്റാമ്പ് സ്കീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 80008001 എന്ന കോൾ സെന്റർ നമ്പറിൽ ലഭ്യമാണ്.