മനാമ: 13 – മത് മൾട്ടി ബില്യണയർ ബിസിനസ് അച്ചീവർ (എംബിഎ) പുരസ്കാരം വികെഎൽ ഹോൾഡിംഗ്സിന്റെയും അൽ നമാൽ ഗ്രൂപ്പിന്റെയും ചെയർമാൻ ഡോ.വർഗീസ് കുര്യന് കൈമാറി.
ജനുവരി 16ന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവാണ് പുരസ്ക്കാരം സമ്മാനിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാർ, അജിത് രവി എന്നിവർ ചടങ്ങിൽ ആതിഥ്യം വഹിച്ചു. മുൻ അവാർഡ് ജേതാക്കളും വ്യവസായ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു വിജയിക്ക് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ (എഫ്ഐസിഎഫ്) പ്രവേശിക്കാനുള്ള അവസരം ലഭിക്കും. തദവസരത്തിൽ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി രാജീവ് നിർവ്വഹിച്ചു.1000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എഫ്ഐസിഎഫ് ക്ലബിൽ അംഗങ്ങളകുന്നത്.
വികെഎൽ ഹോൾഡിംഗ്സ്, അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വർഗീസ് കുര്യൻ, റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കൺസ്ട്രക്ഷൻ, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി എന്നീ ബിസിനസ്സുകളിലൂടെ മികവ് തെളിയിച്ചിട്ടുണ്ട് . 1990 മുതൽ അദ്ദേഹം റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ സജീവമാണ്. സമ്പന്നനായ ഒരു വ്യവസായി എന്ന നിലയിൽ, ഒരു വലിയ ബിസ്സിനസ്സ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുള്ള വർഗ്ഗീസ് കുര്യൻ തന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പുറമേ സമൂഹത്തിന് സേവനം ചെയ്യുന്നതിലൂടെ തന്റെ കടമ നിർവ്വഹിക്കുന്നു. ഭാരതസർക്കാരിന്റെ 2014-ലെ പ്രവാസി ഭാരതീയസമ്മാൻ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വി പി നന്ദകുമാർ, ജോയ് ആലുക്കാസ്, എം.എ.യൂസഫ് അലി, ടി എസ് കല്യാണരാമൻ, പി.എൻ.സി. മേനോൻ, മിസ്റ്റർ ഗോകുലം ഗോപാലൻ,ഡോ. രവി പിള്ള, എം.പി. രാമചന്ദ്രൻ,കൊച്ചൗസേപ്പ് ചിറ്റില്ലപ്പിള്ളി, സാബു. എം ജേക്കബ്, ഡോ. വിജു ജേക്കബ്, ഡോ. എ വി അനൂപ് എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ.