ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ 19ന് റിലീസ് ചെയ്യും. ഇപ്പോൾ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
മൂന്ന് ഷോകളും വലിയ ജനക്കൂട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ചിത്രത്തിന് വ്യത്യസ്തമായ അവതരണവും കഥാപാത്ര സൃഷ്ടിയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മുൻ ചിത്രങ്ങളിലെന്നപോലെ ഫാന്റസി ചേർത്തിണക്കിയാണ് എൽജെപി ചിത്രം ഒരുക്കിയിരിക്കുന്നത്.