ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തിന് വെല്ലുവിളി ഉയർത്തി അധിനിവേശ സസ്യങ്ങൾ. വിലയത്തി കികർ, സുബാബുൾ, യൂക്കാലിപ്റ്റസ് തുടങ്ങിയ അധിനിവേശ വൃക്ഷങ്ങൾ നഗരത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ദില്ലി റിഡ്ജിന് ഭീഷണി ഉയർത്തുകയാണ്.
അപകട സാധ്യത കണക്കിലെടുത്ത് മരങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി വനംവകുപ്പിന് നിർദേശം നൽകി. ഡൽഹി അർബൻ ആർട്ട് കമ്മീഷനാണ് ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആദ്യമായി ചോദ്യങ്ങൾ ഉന്നയിച്ചത്. ഇവ പാരിസ്ഥിതിക ദോഷം വരുത്തുമെന്നാണ് കരുതപ്പെടുന്നത്.
വിലയത്തി കികർ പോലുള്ള വൃക്ഷങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. സുബാബുൾ, ലാന്റാന തുടങ്ങിയ മറ്റ് അധിനിവേശ സസ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്. സെൻട്രൽ റിഡ്ജിൽ നിന്ന് വിലയത്തി കികറിനെ വിജയകരമായി ഒഴിവാക്കാൻ കഴിഞ്ഞാൽ സുബാബുൾ, ലാന്റാന പോലുള്ളവ ഒഴിവാക്കാൻ സമാനമായ രീതി ഉപയോഗിക്കും. ഈ ചെടികൾ ഡൽഹിയെ പച്ചപ്പ് കൊണ്ട് മൂടാൻ സഹായിച്ചതിനാൽ, അവ വേഗത്തിൽ ഒഴിവാക്കാനും കഴിയില്ല.