വയനാട്: കാട്ടിൽ ഉൾക്കൊള്ളാനാവുന്ന ശേഷിയെക്കാൾ കൂടുതൽ വന്യമൃഗങ്ങളുടെ വർദ്ധനവാണ് വന്യജീവി ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് കാരണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങളുടെ ജനനനിയന്ത്രണം ആവശ്യപ്പെട്ട് കേരളം ഉടൻ സുപ്രീംകോടതിയിൽ അടിയന്തര ഹർജി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്താത്ത സാഹചര്യമാണുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും വന്യജീവികളുടെ എണ്ണം വർദ്ധിക്കുന്നത് പ്രശ്നമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“കാട്ടിൽ വന്യമൃഗങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിക്ക് അധികമായി വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണം. വനാതൃത്തി 29.55 ആണെങ്കിലും വനത്തിനുള്ളിലെ വനേതര പ്രദേശങ്ങളുടെ എണ്ണവും വ്യാപ്തിയും വർദ്ധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ, വന്യമൃഗങ്ങൾ ഭക്ഷണ ആവശ്യങ്ങൾക്കായി നാട്ടിലേക്ക് വരുന്നതായാണ് വിവരം. സർക്കാർ ഇത് തള്ളിക്കളയുന്നില്ലെന്നും” മന്ത്രി പറഞ്ഞു.
കുരങ്ങുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നും ഇതിന് പരിഹാരമെന്ന നിലയിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.