തൃശ്ശൂര്‍: സേഫ് ആൻഡ് സ്ട്രോംഗ് ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. 100 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. തൃശൂർ ജില്ലയിൽ 36 കേസുകളാണ് റാണയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്.
പൊള്ളാച്ചി ദേവരായപുരത്ത് കരിങ്കൽ ക്വാറിയിലെ ഷെഡിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് പ്രവീൺ റാണയെ പിടികൂടിയത്. വഞ്ചനാക്കുറ്റത്തിന് പുറമെ ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്സ്) നിയമവും റാണയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ പരാതികളാണ് പ്രവീൺ റാണയ്ക്കെതിരെ കിട്ടിയിരിക്കുന്നത്. 7.5 ലക്ഷം രൂപ മുതൽ 9.5 ലക്ഷം രൂപ വരെ പ്രവീൺ റാണ തട്ടിയെടുത്തതായി കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഇന്നലെ 5 പരാതികൾ ലഭിച്ചിരുന്നു.