തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനത്തിന് മറുപടിയുമായി അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്റെ പരാമർശം തെറ്റിദ്ധാരണാജനകമാണെന്നും അത് പറയാൻ പാടില്ലാത്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര-ടിവി അവാർഡുകൾ നൽകുക, ചലച്ചിത്ര മേള നടത്തുക എന്നതിലേക്ക് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ അധഃപതിച്ചുവെന്ന് ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞതിൽ ഖേദമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് ‘സിനിമയും എഴുത്തും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചത്.
പുതിയതും തുടർന്ന് കൊണ്ടിരിക്കുന്നതുമായ 25 ലധികം പദ്ധതികൾ അക്കാദമി നടപ്പിലാക്കുന്നുണ്ട്. അക്കാദമിയുടെ പ്രവർത്തനത്തിന്റെ റിപ്പോർട്ട് പരിശോധിച്ചാൽ അക്കാദമിയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും. ഈ പ്രവർത്തനങ്ങളെയൊന്നും അപചയം എന്ന പദവുമായി ബന്ധപ്പെടുത്താൻ പാടില്ലായിരുന്നു. കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ചലചിത്ര അക്കാദമി ആസ്ഥാനം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കണമെന്ന് ഗണേഷിനോട് അഭ്യർത്ഥിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച സിനിമകളെയും പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരെയും കൈയ്യിലുള്ള ചെറിയ തുക കൊണ്ട് കേരളത്തിലേക്ക് എത്തിച്ച് ഡെലിഗേറ്റുകള്ക്ക് അവരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന വേദിയാണ് മേളയെന്ന് രഞ്ജിത്ത് പറഞ്ഞു. അവാർഡുകൾ അർഹരായവരുടെ കൈകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് അക്കാദമി നടത്തുന്നത്. മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡിന് ഒരു അന്താരാഷ്ട്ര മാനമുണ്ട്. അക്കാദമിയെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഗണേഷ് കുമാർ അത്തരം കാര്യങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നു. അവാർഡ് വിതരണത്തിന് പുറമെ ചലച്ചിത്ര മേഖലയിൽ നിരവധി പദ്ധതികളും ചലച്ചിത്ര അക്കാദമി നടത്തുന്നുണ്ട്. ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം നിരവധി മന്ത്രിമാരും നിർദ്ദിഷ്ട പദ്ധതികളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു. ഇക്കാര്യം അക്കാദമി ഗണേഷിനെ അറിയിക്കാത്തത് തെറ്റിദ്ധാരണയ്ക്ക് കാരണമായിരിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.