ന്യൂഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു. ഭീഷണി ചൂണ്ടിക്കാട്ടി നൂപുർ ശർമ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് ലൈസൻസ് അനുവദിച്ചത്.
കഴിഞ്ഞ വർഷം ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നു. നിരുത്തരവാദപരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെയാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുർ ശർമ്മ പരാതി നൽകിയത്.
വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരുമിച്ച് ചേർക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് തനിക്ക് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ നിർദ്ദേശം.