ബാൽഖ്: താലിബാൻ അധികാരം പിടിച്ചെടുത്ത് സർക്കാർ സ്ഥാപിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ സ്ത്രീകൾ ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ സന്ദർശിക്കരുതെന്ന പുതിയ നയം കൊണ്ടുവന്നു.
ഡയറക്ടറേറ്റ് ഓഫ് പബ്ലിക് അഫയേഴ്സ് ആൻഡ് ഹിയറിംഗ് ഓഫ് താലിബാൻ കംപ്ലയിന്റ്സ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇവിടെയുള്ള സ്ത്രീകൾക്ക് ഒരു പുരുഷ ഡോക്ടറെ ചികിത്സയ്ക്കായി കാണാൻ അനുവാദമില്ല. ഇതോടെ ആളുകൾ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെയാണ് താലിബാന്റെ പുതിയ നിർദ്ദേശം.
വനിതാ രോഗികളെ ചികിത്സിക്കുന്നതിൽ നിന്ന് പുരുഷ ഡോക്ടർമാരെ വിലക്കുന്നതാണ് താലിബാന്റെ പുതിയ നയമെന്ന് വാർത്താ ഏജൻസിയായ വിയോണിന്റെ മറ്റൊരു റിപ്പോർട്ട് പറയുന്നു. ഒപ്പം എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകും. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാവുന്നതിനെ ചൊല്ലി കഴിഞ്ഞയാഴ്ചയാണ് യുഎൻ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചത്.