ദില്ലി: മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോൾഡൻ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ചിട്ടപ്പെടുത്തിയ കീരവാണിക്കും ആർആർആറിൻ്റെ അണിയറ പ്രവർത്തകർക്കും അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദനം രേഖപ്പെടുത്തി.
വളരെ സവിശേഷമായ നേട്ടമാണിത്. എംഎം കീരവാണിക്ക് അഭിനന്ദനങ്ങൾ. ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചതിന് പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽ സിപ്ലിഗുഞ്ച് എന്നിവരെയും ഞാൻ അഭിനന്ദിക്കുന്നു. രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങി എല്ലാ ആർആർആർ ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നു. ഈ നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എ.ആർ റഹ്മാനും ഗാനരചയിതാവ് എം.എം.കീരവാണിക്ക് അഭിനന്ദനം അറിയിച്ചിരുന്നു.