മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാരന്റ് ഓപ്പൺ ഫോറങ്ങൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കൾ. 2012-ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ സ്കൂൾ ബോർഡിന്റെ കാലം മുതൽ, സ്കൂൾ ബോർഡ്, ഒമാനിലെ അതത് ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു വേദിയായി പാരന്റ് ഓപ്പൺ ഫോറം സ്ഥാപിതമായി. പിന്നീട്, ഇത് സ്കൂൾ ബോർഡിന്റെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്തുകയും എല്ലാ സ്കൂളുകളിലും ഒരു വർഷത്തിൽ കുറഞ്ഞത് മൂന്ന് രക്ഷാകർതൃ ഫോറങ്ങളും രണ്ട് ടീച്ചേഴ്സ് ഫോറങ്ങളും ഉണ്ടായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ കുറച്ച് കാലമായി ഓപ്പൺ ഫോറങ്ങൾ നടക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ രക്ഷിതാക്കൾ.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിനു കീഴിലുള്ള 21 ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളുകളിലായി 46,750 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. രണ്ടായിരത്തോളം അധ്യാപകരും 690 അനധ്യാപക ജീവനക്കാരും വിവിധ സ്കൂളുകളിലായി ജോലി ചെയ്യുന്നുണ്ട്.
മുൻകാലങ്ങളിൽ പതിവായി നടത്താറുള്ള പാരന്റ് ഓപ്പൺ ഫോറങ്ങൾ സ്കൂളുകളുടെ നടത്തിപ്പിൽ ക്രിയാത്മകമായ പങ്ക് വഹിക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തുവെന്ന വസ്തുത ഒമാനിലെ ഇന്ത്യൻ സമൂഹത്തിനു പരിചിതമാണ്. എന്നാൽ കുറച്ചുകാലമായി ഒമാനിലെ ഒരു ഇന്ത്യൻ സ്കൂളുകളിലും രക്ഷാകർതൃ ഫോറവും ടീച്ചേഴ്സ് ഫോറവും സജീവമായി നടക്കുന്നില്ല. ദർസൈറ്റ് ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ മാനേജ്മെന്റിനു പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.