തിരുവനന്തപുരം: ഈ മാസം 15ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിന് നികുതി വർധിപ്പിച്ച സംഭവത്തിൽ കായിക മന്ത്രി വി അബ്ദു റഹ്മാന്റെ പ്രതികരണത്തിനെതിരെ രമേശ് ചെന്നിത്തല. ടിക്കറ്റ് നിരക്ക് വർദ്ധനവിന് ഒരു ന്യായീകരണവുമില്ലെന്നും കെസിഎയും സർക്കാരും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അവർ അത് പരിഹരിക്കണമെന്നും മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയതിനെ ന്യായീകരിച്ച് കായിക മന്ത്രി വി അബ്ദു റഹ്മാൻ, പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ തവണ കുറഞ്ഞ നികുതി ആയിരുന്നെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുകയും കാണികൾക്ക് പ്രയോജനം ചെയ്യാതെ നേട്ടം മുഴുവൻ ബിസിസിഐക്കും കെസിഎക്കും ആയിരുന്നെന്നും കായിക മന്ത്രി കുറ്റപ്പെടുത്തി. 18 ശതമാനം ജിഎസ്ടി, കോർപ്പറേഷന്റെ 12 ശതമാനം വിനോദ നികുതി, ബുക്കിംഗ് ചാർജ് എന്നിവ കൂടിയാകുമ്പോൾ മിനിമം ടിക്കറ്റ് നിരക്ക് 1,445 രൂപയായും ലോവർ ടയർ നിരക്ക് 2,860 രൂപയായും ഉയരും. കഴിഞ്ഞ വർഷത്തെ അഞ്ച് ശതമാനം വിനോദ നികുതി വർധിപ്പിച്ച് 12 ശതമാനമായി ഉയർത്തിയതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയായിരുന്നു കായിക മന്ത്രിയുടെ വിചിത്രമായ ന്യായീകരണം.
കാര്യവട്ടത്ത് നടന്ന കഴിഞ്ഞ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിൽ നികുതി ഉൾപ്പെടെ 1,500 രൂപയും 2,750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വർദ്ധനവ് കാരണം കാണികൾക്ക് അധിക ഭാരമുണ്ടാകില്ലെന്നും കായിക മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ കുറവാണ് ഇത്തവണത്തെ നിരക്കെന്നാണ് ബിസിസിഐയുടെയും കെസിഎയുടെയും വിശദീകരണം. മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കുകയും താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുകയും ചെയ്യുമ്പോഴാണ് വരുമാനത്തെച്ചൊല്ലി സർക്കാരും ബി.സി.സി.ഐയും തർക്കിക്കുന്നത്.