കാസർകോട്: അഞ്ജുശ്രീയുടെ മരണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്.പി. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധനാ റിപ്പോർട്ട് ലഭിക്കണം. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണ് ഫോറൻസിക് സർജന്റെ നിഗമനമെന്ന് എസ്പി വൈഭവ് സക്സേന പറഞ്ഞു.
അഞ്ജുശ്രീയുടെ എന്തെങ്കിലും കത്ത് ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലന്നോ ഉണ്ടെന്നോ പറയാതെ ഒഴിവാകുകയായിരുന്നു.
“പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി പ്രകാരം ഭക്ഷ്യവിഷബാധയെ തുടർന്ന് ഉണ്ടാകുന്ന സാധാരണ തെളിവിനെക്കാൾ മറ്റ് ചിലത് ഉണ്ടായിരുന്നു. കരളിന്റെ പ്രവർത്തനം നിലച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂർണത ലഭിക്കാൻ ശരീരഭാഗങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കേണ്ടത് അത്യാവശ്യമാണ്. അഞ്ജുവിന്റെ മരണത്തിൽ ചില പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാസപരിശോധന വന്നതിനു ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.” എസ്പി പറഞ്ഞു. കുട്ടിയുടെ മരണം ആത്മഹത്യയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു മറുപടി.