ഇടുക്കി: ഇടുക്കിയിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. നെടുങ്കണ്ടത്തെ ക്യാമൽ റെസ്റ്റോ ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണ് ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. രജിസ്ട്രേഷൻ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.
ഷവർമ വിൽപ്പന നടത്താൻ ലൈസൻസ് നിർബന്ധമാണ്. ഹോട്ടലിലെ ആറ് ജീവനക്കാരുടെ ഹെൽത്ത് കാർഡുകളുടെ കാലാവധി കഴിഞ്ഞതായും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. പോരായ്മകൾ പരിഹരിച്ച ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. അതിന് ശേഷം മാത്രമേ ഹോട്ടൽ തുറക്കാവൂ എന്നാണ് നിർദ്ദേശം. ഇന്നലെ തന്നെ ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചു. ഇവിടെ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
ഷവർമ കഴിച്ച ശേഷം ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ജനുവരി ഒന്നിന് നെടുങ്കണ്ടം കാമൽ റെസ്റ്റോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നു. ഏഴ് വയസുള്ള കുട്ടി, ഗൃഹനാഥൻ, വയോധിക എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി, കടുത്ത പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.