ന്യൂഡൽഹി: രാജ്യ തലസ്ഥാനം തണുപ്പ് കൊണ്ട് വിറയ്ക്കുന്നു. ഡൽഹി നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗിൽ ഞായറാഴ്ച രാവിലെ 1.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ അയ നഗറിൽ 2.6 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും പാലത്തിൽ 5.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 20 വിമാനങ്ങൾ വൈകി. 42 ട്രെയിനുകൾ ഒരു മണിക്കൂർ മുതൽ അഞ്ച് മണിക്കൂർ വരെ വൈകിയതായും നോർത്തേൺ റെയിൽവേ വക്താവ് അറിയിച്ചു.
ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ചത് 98 പേരാണ്. 44 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും 54 പേർ അല്ലാതെയും മരിച്ചു. 333 പേരാണ് ചികിത്സ തേടിയത്. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചൂടു പാനീയങ്ങൾ കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.