ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസിനു നേരെ നൈജീരിയന്‍ പൗരന്മാരുടെ ആക്രമണം. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങിയതിന് അറസ്റ്റിലായ നൈജീരിയൻ പൗരൻമാരെ ഇവർ മോചിപ്പിച്ചു. നൂറോളം വരുന്ന നൈജീരിയക്കാർ പൊലീസിനെ വളഞ്ഞാണ് ആക്രമിച്ചത്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. തെക്കൻ ഡൽഹിയിലെ നെബ് സരായ് പ്രദേശത്തെ രാജു പാർക്കിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിസാ കാലാവധി കഴിഞ്ഞ ശേഷം ഇന്ത്യയിൽ തങ്ങിയ മൂന്ന് നൈജീരിയൻ പൗരൻമാരെ ഇന്നലെ ഉച്ചയോടെയാണ് ആന്റി നാർക്കോട്ടിക് ഫോഴ്സ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നൂറോളം നൈജീരിയൻ പൗരൻമാർ പൊലീസ് നടപടി തടസ്സപ്പെടുത്താൻ ഒത്തുകൂടി.
കസ്റ്റഡിയിലെടുത്ത രണ്ട് പേരെ സംഘം മോചിപ്പിച്ചു. ഫിലിപ്പ് എന്നയാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.