ലഖ്നൗ: പുതുവത്സര ദിനത്തിൽ അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം വിവാദത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ത്രിപുരയിൽ രാമക്ഷേത്ര നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും കോൺഗ്രസിന്റെ ഇടപെടലാണ് ക്ഷേത്ര നിർമ്മാണം വൈകാൻ കാരണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷാ പറഞ്ഞിരുന്നു. രാമക്ഷേത്ര വിഷയം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അമിത് ഷാ വീണ്ടും പ്രചാരണായുധമായി ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
രാമക്ഷേത്രം എപ്പോൾ തുറക്കുമെന്ന് കൃത്യമായി പറയാൻ സമയമായിട്ടില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി ജനുവരി 14ന് മകരസംക്രാന്തി ദിനത്തിൽ ബലരാമ വിഗ്രഹം പ്രതിഷ്ഠിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ വർഷം അവസാനത്തോടെ ശ്രീകോവിലിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനച്ചടങ്ങ് നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.