കൊച്ചി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ 80 ശതമാനം ഹോട്ടലുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് നൽകിയത്. 1974ലെ ജലനിയമം, 1981ലെ വായുനിയമം എന്നിവ പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ മാത്രമേ ഹോട്ടലുകൾക്കും ഓഡിറ്റോറിയങ്ങൾക്കും പ്രവർത്തിക്കാൻ കഴിയൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബോർഡിന്റെ അനുമതിയില്ലാതെ ഹോട്ടലുകൾക്കും മറ്റും ലൈസൻസ് നൽകുന്നത് നിയമവിരുദ്ധമാണ്.
മലിനജല ശുദ്ധീകരണ പ്ലാന്റ് ഉൾപ്പെടെയുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രമേ ഹോട്ടലുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബോർഡിന് അനുമതി നൽകാൻ കഴിയൂ. മലിനജലത്തിന്റെ ശാസ്ത്രീയമല്ലാത്ത സംസ്കരണമാണ് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം അഞ്ച് ലക്ഷത്തോളം ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. അഞ്ച് വർഷത്തേക്ക് പ്രവർത്തിക്കാനാണ് ബോർഡ് അനുമതി നൽകേണ്ടത്. ഇതിനു നിശ്ചിത ഫീസ് ഉണ്ട്. ചെറുകിട ഹോട്ടലുകൾക്ക് ഇത് 4,000 രൂപ മുതൽ 5,000 രൂപ വരെയാണ്. ബോർഡിന്റെ അനുമതി വേണമെന്ന നിയമം നടപ്പാക്കാത്തതിനാൽ സർക്കാരിനു 150 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുന്ന സാഹചര്യവുമുണ്ട്.