മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ വാർഷിക വിനോദ പരിപാടിയായ ഫെസ്റ്റിവൽ സിറ്റി ജനുവരി 12 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. എസ്.ടി.സിയുമായി സഹകരിച്ച് നടത്തുന്ന മൂന്നാഴ്ച നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് അരങ്ങേറുന്നത്. ബഹ്റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു വേദിയാണ് ഫെസ്റ്റിവൽ സിറ്റി.
വിദേശത്തുനിന്ന് സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫെസ്റ്റിവലിൽ വിവിധ പ്രായക്കാരെയും കുടുംബങ്ങളെയും ആകർഷിക്കുന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. നിരവധി കാർണിവൽ ഗെയിമുകൾ, ഔട്ട്ഡോർ മാർക്കറ്റ്, ലൈവ് വിനോദ പരിപാടികൾ, ഔട്ട്ഡോർ സിനിമ, ബഹ്റൈനിലെയും വിദേശത്തെയും ബാൻഡുകൾ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ, ഫുഡ് കോർട്ട്, ബഹ്റൈനിൽ നിർമ്മിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിപണി തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി അവതരിപ്പിക്കും. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച ഉത്സവകാലത്തിന്റെ തുടർച്ചയായാണ് ഫെസ്റ്റിവൽ സിറ്റി സംഘടിപ്പിക്കുന്നത്.
കൂടാതെ സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനായി രാജ്യത്തിലെ ഹോട്ടലുകളിലെ യാത്രാ പാക്കേജുകളിലും താമസ സൗകര്യങ്ങളിലും നിരവധി പ്രമോഷനുകൾ ഉൾപ്പെടുന്നുണ്ട്. കൂടുതൽ ഉത്സവകാല പരിപാടികൾ www.calendar.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.