ഇന്ത്യയിലുടനീളം ഏറെ പ്രചാരത്തിലുള്ള ലഘുഭക്ഷണങ്ങളിലൊന്നാണ് സമൂസ. ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇത് ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. ചില പാശ്ചാത്യ രാജ്യങ്ങളിലും സമൂസ ഇന്ന് ലഭ്യമാണ്. വെജ്, നോൺ-വെജ് രുചികളിലും ഇത് ലഭ്യമാണ് എന്ന വസ്തുത ഈ വിഭവത്തെ പ്രിയപ്പെട്ടതാക്കുന്നു.
എന്നിരുന്നാലും, ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ സമൂസ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തെ ഏതെങ്കിലും പൗരന്മാര് ഈ വിഭവം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ ലഭിക്കും. സൊമാലിയയിലെ അൽ ഷബാബ് തീവ്രവാദ സംഘടനയാണ് സമൂസ നിരോധിച്ചത്. സൊമാലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിന് നേതൃത്വം നൽകുന്നത് ഈ സംഘടനയാണ്. 2011 മുതൽ സൊമാലിയയിൽ സമൂസയ്ക്ക് നിരോധനമുണ്ട്.
സമൂസ നിരോധിച്ചതിന് സംഘടന ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും അതിന്റെ ത്രികോണാകൃതിയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തീയ വിശ്വാസമനുസരിച്ച് “പരിശുദ്ധ ത്രീത്വം”(പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്) എന്ന ആശയവുമായി ഇതിന് സാമ്യമുണ്ടെന്നാണ് അവരുടെ വാദം. സമൂസ പൂർണ്ണമായും ‘പാശ്ചാത്യ’ മാണെന്ന് അവർ വാദിക്കുന്നു.