ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ഹീരാബെൻ അന്തരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ ഞങ്ങളുടെ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖകരമായ നിമിഷത്തിൽ പ്രധാനമന്ത്രിയുടെ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകൾ,” ബൈഡൻ ട്വീറ്റ് ചെയ്തു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വട് നഗറിലെ തന്റെ ചെറിയ വീട്ടിൽ നിന്ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രയിൽ മോദിക്ക് ഊർജ്ജമായി അമ്മ ഒപ്പം ഉണ്ടായിരുന്നു.
അമ്മയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അമ്മയുടെ നൂറാം ജൻമവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി തന്റെ ബ്ലോഗിൽ അവർക്ക് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് എഴുതിയിരുന്നു. അസാധാരണമായ വ്യക്തിത്വമുള്ള തന്റെ അമ്മ വളരെ ലളിതമായ ജീവിതം നയിച്ച ഒരു സ്ത്രീയാണെന്ന് പ്രധാനമന്ത്രി എഴുതി.