കോഴിക്കോട്: അവസരങ്ങളുടെ അഭാവത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവാക്കളുമായി നടത്തിയ സംവാദത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം പറഞ്ഞത്. ക്രിസ്ത്യൻ സഭകളുടെ സംഭാവനകളെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ സഭകൾ നൽകിയ സംഭാവനകൾ ആർക്കും മറക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവാക്കളുമായി നടത്തിയ ആശയവിനിമയത്തിൽ രാജീവ് ചന്ദ്രശേഖർ നമ്മുടെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടങ്ങളിലൊന്നാണിതെന്നും ചൂണ്ടിക്കാട്ടി. നാം രാജ്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി, കോവിഡിനെതിരായ പോരാട്ടത്തിൽ നമ്മുടെ വിജയം നാം ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ മന്ത്രി ‘ന്യൂ ഇന്ത്യ’ എന്ന പദത്തെ പറ്റിയും വിവരിച്ചു.