വർക്കല: വർക്കലയിൽ യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പള്ളിയ്ക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടശേരിക്കോണം സംഗീത നിവാസിലെ സംഗീത(17)യാണ് കൊല്ലപ്പെട്ടത്. ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സംഗീത. വീടിന് പുറത്ത് രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഗോപു സംഗീതയുടെ വീട്ടിലെത്തി ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന് ശേഷം പുറത്തേക്ക് വന്ന സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും അകല്ച്ചയിലായതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസിന് ലഭിച്ചു.