തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുകേസിന്റെ അന്വേഷണം എംഎൽഎ ഹോസ്റ്റലിലേക്ക്. മുഖ്യപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. റിസപ്ഷനിസ്റ്റ് മനോജ് ആണ് പൊലീസിന് മൊഴി നൽകിയത്. ആദ്യഘട്ടത്തിൽ മൊഴി നൽകിയ മനോജ് ഇപ്പോൾ ഒളിവിലാണ്.
കേസിലെ മുഖ്യപ്രതികളിലൊരാളായ ശ്യാംലാൽ എം.എൽ.എ. ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും ചില എംഎൽഎമാരുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് ആദ്യം പരാതി ലഭിച്ചപ്പോഴാണ് മനോജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എം.എൽ.എ ഹോസ്റ്റലിൽ വച്ചാണ് മനോജ് ശ്യാംലാലിനെ പരിചയപ്പെട്ടത്. മനോജ് ശ്യാംലാലിന് ഒരു കാർ വാങ്ങി നൽകി. മനോജ് വാങ്ങി നൽകിയ കാറിലാണ് ശ്യാംലാൽ ടൈറ്റാനിയത്തിൽ ഇൻ്റർവ്യൂവിന് ഉദ്യോഗാർത്ഥികളെ കൊണ്ടുപോയിരുന്നതെന്നാണ് വിവരം.
തട്ടിപ്പിൽ ഉൾപ്പെട്ട അനിൽകുമാർ എംഎൽഎ ഹോസ്റ്റലിലെ കോഫി ഹൗസിലെ ജീവനക്കാരനും സിഐടിയു ലീഡറുമാണ്. ഇതോടെ തട്ടിപ്പിന് പിന്നിൽ ഉന്നത ബന്ധങ്ങളുണ്ടെന്ന സംശയം ബലപ്പെട്ടു.