കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘർഷങ്ങൾ വേദനാജനകമാണെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പള്ളിക്കകത്തും മദ്ബഹയിലും പ്രതിഷേധം നടത്തിയത് ഗുരുതരമായ തെറ്റാണ്. നിയമവിരുദ്ധമായ കുർബാന അർപ്പിച്ചത് സഭയുടെ നിയമത്തിന് എതിരാണ്. വിശുദ്ധ കുർബാനയും സഭയും അവഹേളിക്കപ്പെട്ടുവെന്നും സഭയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
ജനാഭിമുഖ-അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് ബസിലിക്കയിൽ സംഘർഷം രൂക്ഷമായത്. സമവായ ചർച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പള്ളിയുടെ സുരക്ഷ പൊലീസ് ഏറ്റെടുത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചത്തെ പാതിരാ കുർബാനയും ഒഴിവാക്കിയിരുന്നു.
ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച വൈദികർ ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. സംഘർഷം തുടർന്നാൽ ബസിലിക്ക അടച്ചിടുമെന്ന് കമ്മീഷണർ സി.എച്ച് നാഗരാജു സൂചന നൽകി.