ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡിസംബർ 27നാണ് മോക്ക് ഡ്രിൽ നടക്കുക. ഫലം അന്നു വൈകുന്നേരം തന്നെ അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനാണ് മോക്ക് ഡ്രിൽ നടത്തുന്നത്. എല്ലാ ജില്ലകളിലെയും ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഉറപ്പാക്കും. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാർ മോക്ക് ഡ്രില്ലുകൾ നടത്തേണ്ടതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഓരോ സംസ്ഥാനത്തെയും മൊത്തം ഐസൊലേഷൻ വാർഡുകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഇത് പരിശോധിക്കും. കോവിഡിനെ നേരിടാൻ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ ജീവനക്കാർ എന്നിവരുടെ എണ്ണം, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്കുകൾ എന്നിവ ഉറപ്പാക്കാനും പിപിഇ കിറ്റുകളുടെയും മെഡിക്കൽ ഓക്സിജന്റെയും ലഭ്യത ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു.