മനാമ: ബഹ്റൈൻ സൊസൈറ്റി ഫോർ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം ബഹ്റൈനിൽ നടന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ: ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടന്നത്. ഗൾഫ് കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. അർപ്പണബോധത്തിന്റെയും ആത്മാർത്ഥതയുടെയും സമർപ്പണത്തിന്റെയും മാതൃകയാണ് ആരോഗ്യ മേഖലയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
‘നഴ്സുമാർ നയിക്കുന്ന ശബ്ദം: ആരോഗ്യ സുരക്ഷയ്ക്കായി നഴ്സിംഗിൽ നിക്ഷേപം’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഴ്സിംഗ് & മിഡ്വൈഫറി പ്രാക്ടീസ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നഴ്സിംഗ്, മിഡ്വൈഫറി വിഭാഗങ്ങളിലായി 500-ലധികം മെഡിക്കൽ കേഡർമാരുടെ വിപുലമായ പങ്കാളിത്തം കോൺഫറൻസ് രേഖപ്പെടുത്തി.
നഴ്സുമാർ, ഗവേഷകർ, മിഡ്വൈഫ്മാർ, ഹെൽത്ത് കെയർ മാനേജർമാർ എന്നിവർക്ക് അനുയോജ്യമായ അവസരമാണ് സമ്മേളനം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന ചടങ്ങിൽ ബഹ്റൈനിലെ നഴ്സിംഗിനെക്കുറിച്ചുള്ള പ്രത്യേക വീഡിയോയും ഉൾപ്പെടുത്തിയിരുന്നു.