കൊച്ചി: നാഗ്പൂരിൽ മരിച്ച നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ, അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം, മറ്റ് ബന്ധുക്കൾ എന്നിവർ ചേർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. നിദയുടെ പിതാവ് ശിഹാബുദ്ദീനും വിമാനത്തിലുണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വണ്ടാനത്തെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന മതപരമായ ചടങ്ങുകൾക്ക് ശേഷം രാവിലെ 11ന് നിദ പഠിച്ച നീർക്കുന്നം സർക്കാർ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 11 മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് 12.30ന് കക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരമാണ് നാഗ്പൂരിൽ മലയാളി സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാൽ നാഗ്പൂരിലെ കളിക്കാർക്ക് ദേശീയ ഫെഡറേഷൻ താമസസൗകര്യവും ഭക്ഷണവും നൽകിയില്ല.
നിദ ഫാത്തിമ ഉൾപ്പെടെ കേരള സൈക്കിൾ പോളോ അസോസിയേഷനിലെ 24 കളിക്കാരാണ് കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരവും സാമ്പത്തിക സഹായവുമായി നാഗ്പൂരിലെത്തിയത്.